top of page

EI SOLUTIONS HOME

Public·612 members

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും

അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കും.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എർപ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിർവചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ, വരണാകാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകേണ്ടതാണെന്ന് കമ്മീഷൻ എല്ലാ വരണാധികാരികൾക്കും നിർദ്ദേശം നൽകി. ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്.പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മീഷൻ ആവശ്യപ്പെട്ടു.

പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ

1. പോളിംഗ് സ്റ്റേഷനിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർ2. പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കും3. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർ4. വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർ5. ഒബ്‌സർവർമാർ6. സെക്ടറൽ ഓഫീസർമാർ7. ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ8. തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്‌റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്  സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും.അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് 7 ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ 3 അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി.ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട  ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്‌റ്റൽ ബാലറ്റ് പേപ്പറുകൾ, ഫാറം 16 ലെ സത്യപ്രസ്‌താവന (3 വീതം), ഫാറം 17 ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ (1 വീതം), ഫാറം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫാറം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

date

27 Views
bottom of page